
‘എന്താണ് ക്‌ളൗഡ്’ എന്ന് മനസ്സിലാക്കുന്നതിന് മുൻപ് ‘എന്തിനാണ് ക്‌ളൗഡ്’ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കാം. സ്മാർട്ട് ഫോണുകൾ ഇന്ന് സർവസാധാരണമായി കഴിഞ്ഞു. അത് പോലെ ഇല്ലെങ്കിലും, കംപ്യൂട്ടറുകളും ലാപ്ടോപ്പുകളും പല വീടുകളിലും കാണാൻ കഴിയും. എന്നാൽ, അതേ വീടുകളിൽ തന്നെ പ്രിന്ററുകൾ ഒരു പക്ഷെ അത്ര തന്നെ സാധാരണമായിരിക്കില്ല. എന്താണ് അതിന് കാരണം? ഒരു കംപ്യൂട്ടർ, അതുള്ളവർക്ക് ദൈനംദിനം ഉപയോഗമുള്ള സാധനമാണ്. എന്നാൽ ഒരു പ്രിന്ററിന്റെ ഉപയോഗം ഇടക്കിടക്ക് മാത്രമുള്ളതും. ഒന്ന് രണ്ട് വർഷത്തെ കാലയളവിൽ വളരെ കുറച്ച് മാത്രം ഉപയോഗിച്ച് കേടുവരാനുള്ള സാധ്യതയുമുണ്ട്. പൊതുവിൽ നമ്മൾ പ്രിന്റ് എടുക്കുന്നത് A4 ഷീറ്റിൽ കറുപ്പും വെളുപ്പുമായിട്ടാണ്. എന്നാൽ ഇടക്ക് നമുക്ക് കളർ പ്രിന്റൗട്ടുകൾ ആവശ്യമായി വന്നേക്കാം. അതേ പോലെ അപൂർവമായി വലിയ പോസ്റ്റർ പ്രിന്റ് ചെയ്യേണ്ട ആവശ്യമുണ്ടായി എന്നും വരാം. ഇതെല്ലാം ചെയ്യാൻ കഴിവുള്ള വലിയ പ്രിൻറർ വാങ്ങി വീട്ടിൽ വെച്ചാൽ ആ മൂലധനം നമുക്ക് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയില്ല.
ഈ പ്രശ്‍നം നമ്മൾ എങ്ങനെയാണ് പരിഹരിക്കാറ്? ഫോട്ടോസ്റ്റാറ്റും പ്രിന്റിങ്ങും ചെയ്യുന്ന അടുത്തുള്ള ഏതെങ്കിലും കടയിൽ പോയി ആവശ്യം നിറവേറ്റും. പല തരത്തിലുള്ള ആവശ്യക്കാർ വരുന്നത് കൊണ്ട് കടക്കാരന് വലിയ മെഷീൻ വാങ്ങി വെക്കാം. മെഷീൻ കേടു വന്ന് കച്ചവടം അധികം നേരം മുടങ്ങാതിരിക്കാൻ ഒന്നിലധികം മെഷീനുകൾ തയ്യാറാക്കി വെക്കുകയും അവ കേടുവന്നാൽ പെട്ടെന്ന് നേരെയാക്കാൻ സർവീസ് കോൺട്രാക്റ്റും എടുക്കുകയും ചെയ്യാം. ഇതേ ആശയമാണ് ക്‌ളൗഡ് കമ്പ്യൂട്ടിങ് എന്ന സാങ്കേതിക വിദ്യക്ക് പുറകിലും. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കാനും ആ പ്രോഗ്രാമുകൾ ഉപയോഗിക്കുന്ന ഡാറ്റ ശേഖരിച്ച് വെക്കാനും ഉതകുന്ന തരത്തിലുള്ള ഉപകരണങ്ങൾ വലിയ അളവിൽ ചിലയിടങ്ങളിലായി ലഭ്യമാക്കുന്നതിനാണ് ‘ക്‌ളൗഡ് കമ്പ്യൂട്ടിങ്’ എന്ന് പറയുന്നത്.
ക്‌ളൗഡ് കമ്പ്യൂട്ടിങ്-ന്റെ ഉപയോഗങ്ങളെ അല്പം കൂടി ഔദ്യോഗിക ഭാഷയിൽ നമുക്കൊന്ന് വിശദീകരിക്കാം. ചെറിയതും വലിയതുമായ സ്ഥാപനങ്ങൾ അവരുടെ കമ്പ്യൂട്ടിങ് ആവശ്യങ്ങൾക്കായി വലിയ മൂലധന മുടക്കിൽ (capital expenditure – capex) ഉപകരണങ്ങൾ വാങ്ങി വെക്കുന്നത്തിന് പകരം ആവശ്യമുള്ളപ്പോൾ മാത്രം ഉപയോഗപ്പെടുത്തി, ആ ഉപയോഗത്തിന് മാത്രമുള്ള ചിലവ് (operational expenditure – opex) വഹിക്കുന്നു. ആവശ്യങ്ങൾക്കനുസരിച്ച് ചെറിയതോ വലിയതോ ആയ ഉപകരണങ്ങൾ മാറി മാറി ഉപയോഗിക്കാൻ (elasticity) അവർക്ക് കഴിയും. വലിയ ഉപകരണങ്ങൾ വാങ്ങി സ്ഥാപിക്കാൻ കുറെ നാളുകൾ എടുക്കുമെങ്കിൽ, ദൂരെ ഒരു സ്ഥലത്തിരിക്കുന്ന ഇത്തരം ഉപകരണങ്ങൾ ഇന്റർനെറ്റ് വഴി ബന്ധപ്പെട്ട് വളരെ വേഗത്തിൽ ഉപയോഗപ്പെടുത്താൻ സാധിക്കും (agility / time to market). ഒരേ ഉപകരണം പല കമ്പനികൾ പല സമയത്തായി ഉപയോഗിക്കുന്നതിന് multi-tenancy എന്ന് പറയും.
അപ്പോൾ സ്വാഭാവികമായും അടുത്ത ചോദ്യം ക്‌ളൗഡിൽ ഇത്തരം ഫോട്ടോസ്റ്റാറ് / പ്രിന്റിങ് കടകൾ നടത്തുന്നതാരാണ് എന്നാവും. സോഫ്റ്റ്‌വെയർ മേഖലയിലെ മൂന്ന് ഭീമന്മാരാണ് ഇന്ന് പ്രധാനമായും ഈ സാങ്കേതിക വിദ്യ ലഭ്യമാക്കുന്നത്. ആമസോൺ വെബ് സെർവീസസ് (AWS) എന്ന പേരിൽ ആമസോണും, ഗൂഗിൾ ക്‌ളൗഡ് പ്ലാറ്റ് ഫോം (GCP) എന്ന പേരിൽ ഗൂഗിളും, അഷൂർ (Azure) എന്ന പേരിൽ മൈക്രോസോഫ്റ്റുമാണ് ആ മൂന്ന് ഭീമന്മാർ. ഇവരുടെ സ്വന്തം പ്രോഗ്രാമുകൾക്കായി ഭീമമായ തോതിൽ കംപ്യൂട്ടറുകളും അതിനോട് ചേർന്നുള്ള ഉപകരണങ്ങളും കൂറ്റൻ ഡാറ്റ സെന്ററുകളിൽ ലോകത്തിന്റെ പല ഭാഗത്തായി സ്ഥാപിച്ചിട്ടുണ്ട്. അവരുടെ സ്വന്തം ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നതിന് പകരം ഇത്തരം ഭീമമായ കമ്പ്യൂട്ടിങ് പവർ എന്തുകൊണ്ട് ഒരു വില്പന വസ്തു ആക്കിക്കൂടാ എന്ന ചിന്തയിൽ നിന്നാണ് ക്‌ളൗഡ് കമ്പ്യൂട്ടിങ് വാണിജ്യാടിസ്ഥാനത്തിൽ ഇന്ന് കാണുന്ന വിധം വളർന്ന് വന്നത്.
If you are interesting to use this Technology in to your Business please write to us
latheef.renova@gmail.com
info@renovaerp.com